പദ്ധതികൾ
അന്യംനിന്നുകൊണ്ടിരിക്കുന്ന ഗോത്രവർഗ പൈതൃകവും തനത് കലകളും സംരക്ഷിക്കുന്നതിനും പരമ്പരാഗത ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമായി പട്ടികജാതി/ പട്ടികവർഗ വികസന വകുപ്പിൻ്റെയും കിർടാഡ്സിൻ്റേയും സംയുക്ത ആഭിമുഖ്യ ത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഒരു വർഷം 2 സ്ഥലങ്ങളിലായി ഉൽപ്പന്ന പ്രദർശന വിപണന മേള നടത്തുന്നു. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയം തൊഴിൽ കണ്ടെത്തു ന്നതിന്റെ ഭാഗമായോ, വ്യക്തിഗതമായോ, കൂട്ടുസംരംഭങ്ങളായോ, കുടുംബശ്രീ, അയൽക്കൂട്ടങ്ങ ളായോ, സൊസൈറ്റികളായോ തുടങ്ങിയിട്ടുള്ള സ്ഥാപനങ്ങളിലെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിന് സംഘടിപ്പിച്ചിരിക്കുന്ന വിപണന മേളയിലെ സ്റ്റാൾ സൗജന്യമായി അനുവദിക്കുന്നു. ഉല്പന്നങ്ങൾ സ്റ്റാളിലെത്തിക്കുന്നതിനുള്ള വാഹന വാടക, സ്റ്റാളിൽ നിൽക്കുന്നവർക്ക് പ്രതിദിന ബത്ത, ഭക്ഷണം എന്നിവ നൽകുന്നു.
സംസ്ഥാന സ്കൂൾ കലോത്സവം/ സ്പെഷ്യൽ സ്കൂൾ കലോത്സവം എന്നിവയിൽ എ ഗ്രേഡ് നേടിയ പട്ടികജാതിയിൽപ്പെട്ട കലാപ്രതിഭകൾക്ക് 10,000/- രൂപ പ്രോത്സാഹനമായി നൽകുന്ന പദ്ധതി.
പട്ടികവിഭാഗത്തിൽ ഉൾപ്പെടുന്ന സമുദായങ്ങളെ സംബന്ധിക്കുന്ന ഏറ്റവും മികച്ച അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കും, ഫീച്ചറുകൾക്കും നൽകുന്ന അവാർഡ്. ഡോ. ബി.ആർ. അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 നാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട എഴുത്തുകാരുടെ കൃതികൾ പുസ്തകരൂപത്തിൽ അച്ചടി ക്കുന്നതിന് 40,000/- രൂപ വരെ ധനസഹായം അനുവദിക്കുന്നു. നിർദ്ദിഷ്ട അപേക്ഷയോടൊപ്പം ഫോട്ടോ, മൗലികമായ രചനകളുടെ 2 കയ്യെഴുത്തു പ്രതികൾ, ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബാങ്ക് അക്കൗണ്ടിൻ്റെ പകർപ്പ് എന്നിവ സഹിതം ചീഫ് പബ്ലിസിറ്റി ഓഫീസർ, അയ്യൻകാളി ഭവൻ, കനകനഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കുക.
പട്ടികജാതി-പട്ടികവർഗത്തിലും ഇതര വിഭാഗത്തിലുംപെട്ട എഴുത്തുകാരുടെ സാഹിത്യവാസന പരിപോഷിപ്പിക്കുന്നതിനായി വർഷം തോറും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യ ശില്പശാല സംഘടിപ്പിക്കുന്നു. 18 മുതൽ 35 വയസുവരെ പ്രായമുള്ളവർക്കാണ് ആദ്യ പരിഗണന. ആകെ 50 പേർക്ക് ശില്പശാലയിൽ പങ്കെടുക്കാം. താമസ സൗകര്യം, ഭക്ഷണം, യാത്രാബത്ത എന്നിവ വകുപ്പ് നൽകുന്നു.
പട്ടികജാതി പട്ടികവർഗ പിന്നാക്കവിഭാഗ വികസന വകുപ്പുകളുടെ മുഖപ്രസിദ്ധീകരണമായ 'ഉന്നതി' രണ്ടു മാസത്തിലൊരിക്കൽ പട്ടികജാതി വികസനവകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസ് മുഖേന പ്രസിദ്ധീകരിച്ചുവരുന്നു. ഉന്നതി ദ്വൈമാസികയിൽ രചനകൾ പ്രസിദ്ധീകരിക്കുന്നതിനായി
അയയ്ക്കേണ്ട വിലാസം:
എഡിറ്റർ
'ഉന്നതി' ദ്വൈമാസിക ചീഫ് പബ്ലിസിറ്റി ഓഫീസ്, പട്ടികജാതി വികസന വകുപ്പ്, അയ്യൻകാളി ഭവൻ, കനകനഗർ, വെളളയമ്പലം കവടിയാർ പി.ഒ, തിരുവനന്തപുരം-695003
ഭരണഘടനാശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 14-ാം തീയതി പട്ടികജാതി വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള നിയമസഭസമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന അംബേദ്കർ പ്രതിമയിൽ എല്ലാ വർഷവും പുഷ്പാർച്ചന നടത്തുന്നു.
നവോത്ഥാന നായകനും അധഃസ്ഥിത ജനതയുടെ മുന്നണി പോരാളിയുമായിരുന്ന മഹാത്മാ അയ്യൻകാളിയുടെ ജന്മദിനം പട്ടികജാതി വികസന വകുപ്പ് വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി അയ്യൻകാളി ജയന്തിദിനമായ ആഗസ്റ്റ് 28 ന് തിരുവനന്തപുരം വെള്ളയമ്പലത്ത് സ്ഥിതിചെയ്യുന്ന അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും എല്ലാ വർഷവും നടത്തുന്നു. ഇതിനോടനുബന്ധിച്ച്  വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു.