പദ്ധതികൾ
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് 5 സെൻറ് ഭൂമിയും മുനിസിപ്പൽ/ കോർ പ്ലറേഷൻ പ്രദേശത്ത് കുറഞ്ഞത് 3 സെൻറ് ഭൂമിയും വാങ്ങുന്നതിന് ഗ്രാമ/മുനിസിപ്പൽ/കോർപ്പറേഷനുകളിൽ യഥാക്രമം 3,75,000/ 4,50,000/-6,00,000/- രൂപ ഗ്രാൻറായി അനുവദിക്കുന്നു. ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങേണ്ടതാണ്.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ലൈഫ് ലിസ്റ്റിൽ നിന്നാണ് ഗുണഭോക്താക്കളെ തയ്യാറാക്കുന്ന തെരഞ്ഞെടുക്കുന്നത്.
അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ,സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് ഭൂമി വാങ്ങുന്നതിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകുക. വാർഷികവരുമാന പരിധി 50,000 രൂപയാണ്.
2018-19 സാമ്പത്തിക വർഷം മുതൽ സർക്കാർ ആവിഷ്കരിച്ച് നച്ച് ടപ്പിലാക്കുന്ന ലൈഫ് മിഷൻ സമ്പൂർണ്ണ പാർപ്പിട പദ്ധതി പ്രകാരമാണ് ഭൂരിഹിതരും ഭവന രഹിതരുമായ പട്ടികജാതി കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നത്. ലൈഫ് മിഷൻ പാർപ്പിട പദ്ധതി പ്രകാരം 4 ലക്ഷം രൂപയാണ് പട്ടികജാതി ഗുണഭോക്താക്കൾക്ക് അനുവദിക്കുന്നത്. അതിൽ 2.2 ലക്ഷം രൂപ HUDCO-യിൽ നിന്നുള്ള വായ്പയും 80,000/- രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായും ബാക്കി ഒരു ലക്ഷം രൂപ പട്ടികജാതി വികസന വകുപ്പിന്റെ വിഹിതമായും അനുവദിക്കുന്നു. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാരുടെ ഭവന പുനരുദ്ധാരണവും പൂർത്തീകരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള സേഫ് (Secure Accommodation and Facility Enhancement) എന്ന പുതിയ പദ്ധതിയ്ക്ക് അംഗീകാരം നൽകി സ.ഉ(സാധാ) നം. 990/2022/പജ.പവ.വിവ തീയതി 27-09-2022 പ്രകാരം ഭരണാനുമതി  ലഭ്യമായിരുന്നു.  വിവിധ രീതിയിൽ നിർമ്മാണം ആരംഭിക്കുകയും പൂർത്തീകരിക്കാൻ സാധിക്കാത്തതും  പത്ത്  വർഷത്തിനുള്ളിൽ അവസാന ഗഡു കൈപ്പറ്റിയവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (2010 ഏപ്രിൽ 1 നു ശേഷം) ഭവന നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ സർക്കാർ ധനസഹായം കൈപ്പറ്റാത്തവരെയുമാണ് ടി പദ്ധതിയിലേയ്ക്ക് പരിഗണിക്കുന്നത്.  ഒരു ലക്ഷം രൂപവരെ വാർഷിക വരുമാന പരിധിയുള്ള പട്ടികജാതി ഗുണഭോക്താക്കൾക്ക് ടി പദ്ധതിയിലേയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.    
മേൽക്കൂര, ടോയിലെറ്റ് എന്നിവ ഇല്ലാത്ത/ പൂർത്തീകരിക്കാത്ത കുടുംബങ്ങൾക്ക് മുൻഗണന നൽകി നടപ്പിലാക്കുന്ന ടി പദ്ധതിയിൽ 2 ലക്ഷം രൂപ ഗുണഭോക്താവിന് ധനസഹായമായി അനുവദിച്ചു നൽകുന്നു. ഒന്നാം ഗഡു 50,000/- രൂപ, രണ്ടാംഗഡു 1,00,000/- രൂപ, മൂന്നാം ഗഡു 50,000/- രൂപ എന്ന ക്രമത്തിൽ ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് തുക അനുവദിച്ചു നൽകുന്നത്.
 സംസ്ഥാനത്തെ ഗവ./ എയ്ഡഡ്/ സ്പെഷ്യൽ/ ടെക്നിക്കൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വാർഷിക കുടുംബ വരുമാനം  1 ലക്ഷം രൂപ വരെയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് 120 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ പഠനമുറി നിർമ്മിക്കുന്നതിന് 2,00,000/- രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി. നിലവിലുള്ള വീടിനോട് ചേർന്ന് പഠനമുറി നിർമ്മിക്കുന്ന ഈ പദ്ധതി 2017-18 വർഷം മുതൽ നടപ്പാക്കിവരുന്നു.
ധനസഹായ തുക ഉപയോഗിച്ച് 120 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ പഠനമുറി നിർമ്മിച്ച് മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനും ചുവരുകൾ പ്ലാസ്റ്റർ ചെയ്യുന്നതിനും തറ ടൈൽ പാകുന്നതിനും വാതിലും, ജനലുകളും പുസ്തകം സൂക്ഷിക്കുന്നതിനുള്ള ഭിത്തിഅലമാരയും സ്ഥാപിക്കുന്നതിനും വൈദ്യുതീകരിച്ച് ലൈറ്റ്, ഫാൻ എന്നിവ സ്ഥാപിക്കുന്നതിനുമായാണ് ധനസഹായം നൽകുന്നത്.
ധനസഹായ തുക 15%, 30%, 40%, 15% എന്ന നിരക്കിൽ 4 ഗഡുക്കളായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുവഴി വിതരണംചെയ്യുന്നു.  
പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവിന് ആദ്യ ഗഡുവായി 30,000/- രൂപ മുൻകൂറായി അനുവദിക്കുന്നു. പ്രസ്തുത തുക ഉപയോഗിച്ച് പഠനമുറിയുടെ അടിത്തറ നിർമ്മാണം പൂർത്തീകരിക്കുമ്പോൾ രണ്ടാം ഗഡുവായി 60,000/- രൂപ അനുവദിക്കുന്നു. ടി തുക ഉപയോഗിച്ച് ഒരു വാതിലും രണ്ട് പാളികളുള്ള രണ്ട് ജനലുകളും ഉൾപ്പെടെ പഠനമുറിയുടെ ലിന്റിൽ ലെവൽ വരെയുളള നിർമ്മാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് മൂന്നാം ഗഡുവായി 80,000/- രൂപ അനുവദിക്കുന്നു. പ്രസ്തുത തുക ഉപയോഗിച്ച് മേൽക്കൂര കോൺക്രീറ്റ് ചെയ്ത് ചുവരുകൾ പ്ലാസ്റ്റർ ചെയ്യുകയും, തറ ടൈൽ പാകുകയും ചെയ്ത ശേഷം അവസാന ഗഡുവായി 30,000/- രൂപ അനുവദിക്കുന്നു. ഇത് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കുകയും, വൈദ്യുതീകരിച്ച് ലൈറ്റ്, ഫാൻ എന്നിവ സ്ഥാപിക്കേണ്ടതുമാണ്. നിർമ്മാണത്തിൻ്റെ ഓരോ ഘട്ടവും ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസർമാർ പരിശോധിച്ച് നിശ്ചിത ഘട്ടം പണി പൂർത്തിയാക്കി എന്ന് ഉറപ്പു വരുത്തി തുക അനുവദിക്കുന്നു.
12-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബത്തിനും ഒരു കിടപ്പുമുറി മാത്രമുള്ള വീടുകളിൽ താമസിക്കുന്നവർക്കും വിധവ/ വിഭാര്യൻ നയിക്കുന്ന കുടുംബങ്ങൾക്കും, മാരകമായ രോഗം ബാധിച്ച രക്ഷിതാക്കളുള്ള വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും, പെൺകുട്ടികൾ മാത്രമുളള കുടുംബങ്ങൾക്കും, വരുമാനം കുറവുള്ളവർക്കും പദ്ധതി പ്രകാരം മുൻഗണന നൽകുന്നു. വകുപ്പിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവർക്കാണ് പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്.