SCDD
Swipe

(a)അതിക്രമ നിവാരണ നിയമം (1989)

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17-ൽ പറയുന്ന "Abolition of Untouchability" (തൊട്ടു കൂടായ്മ നിർത്തലാക്കൽ) എന്നതിനെ അടിസ്ഥാനമാക്കി ഇന്ത്യൻ പാർലമെൻ്റ് 11-09-1983-ൽ പാസ്സാക്കി 10-01-1990 മുതൽ നിലവിൽവന്ന നിയമമാണ് പട്ടികജാതി/പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം 1989.

നിയമം അനുസരിച്ച് കുറ്റകരമാകുന്ന പ്രവൃത്തികൾ

1.പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തെകൊണ്ട് ഭക്ഷ്യയോഗ്യമല്ലാത്തതോ നിന്ദ്യമായതോ ആയ ഏതെങ്കിലും സാധനം തീറ്റിക്കുന്നതിനോ കുടിപ്പിക്കുന്നതിനോ ബലപ്രയോഗം നടത്തുന്നത്.

2.പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഏതെങ്കിലും അംഗത്തിന് ക്ഷതിയോ അപമാനമോ അല്ലെങ്കിൽ അലട്ടലോ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി വിസർജ്ജന വസ്തുക്കളോ, പാഴ്വസ്തുക്കളോ, ജന്തുക്കളുടെ ശവശരീരങ്ങളോ, മറ്റ് ഏതെങ്കിലും നിന്ദ്യമായ സാധനമോ അയാളുടെ പരിസരങ്ങളിലോ അയൽപക്കത്തോ കൂട്ടിയിടുക വഴി പ്രവർത്തിക്കുന്നത്.

3.പട്ടികജാതിയിലൊ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തിൻ്റെ ശരീരത്തിൽ നിന്ന് ബലാൽക്കാരമായി വസ്ത്രങ്ങൾ മാറ്റുകയോ അല്ലെങ്കിൽ മുഖത്തോ ശരീരത്തിലോ ചായം തേച്ചോ നടത്തുന്നതോ, അല്ലേങ്കിൽ മനുഷ്യൻ്റെ അന്തസ്സിന് ന്യൂനതയുണ്ടാകുന്ന അതേപോലെയുള്ള ഏതെങ്കിലും പ്രവൃത്തി ചെയ്യുകയോ ചെയ്യുന്നത്.

4.പട്ടികജാതിയിലെന്നാ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തിന് ഉടമസ്ഥാവകാശ ഉള്ളതോ അലോട്ട്മെന്റ് ചെയ് തിട്ടുള്ളതോ അല്ലെങ്കിൽ ക്ഷമതയുള്ള അധികാരസ്ഥനാൽ അലോട്ടു ചെയ്യുന്നതിനു വേണ്ടി വിജ്ഞാഹ്നം ചെയ് തിട്ടുളളതോ ആയ ഭൂമി അന്യായമായി കൈവശപ്പെടുത്തുകയോ കൃഷി ചെയ്യുകയോ അല്ലെങ്കിൽ അയാൾക്ക് അലോട്ട് ചെയ്തഭൂമി കൈമാറ്റം ചെയ്ത് എടുക്കുകയോ ചെയ്യുന്നത്.

5.പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തിൻ്റെ ഭൂമിയെയോ പരിസര പ്രദേശത്തേയോ അയാളുടെ കൈവശത്തു നിന്നും അന്യായമായി നീക്കം ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും ഭൂമിയിന്മേലോ, പരിസര പ്രദേശത്തിന്മേലോ വെള്ളത്തിന്മേലോ ഉള്ള അയാളുടെ അവകാശങ്ങൾ അനുഭവിക്കുന്നതിൽ കൈകടത്തുകയോ ചെയ്യുന്നത്.

6.പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തെ പൊതു ആവശ്യത്തിനുവേണ്ടി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിർബന്ധിത സേവനം ഒഴികെ, ബിഗാർ അല്ലെങ്കിൽ അതേ രൂപത്തിലുള്ള മറ്റു നിർബന്ധിത തൊഴിലോ, അല്ലെങ്കിൽ അടിമപ്പണിയോ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്യുന്നത്.

7.പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തെ വോട്ട് ചെയ്യാതിരിക്കുന്നതിനോ ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതിനോ അല്ലെങ്കിൽ നിയമം മൂലം വ്യവസ്ഥ ചെയ്തിട്ടുള്ളതല്ലാത്ത വിധത്തിൽ വോട്ട് ചെയ്യുന്നതിനോ നിർബന്ധിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത്.

8. പട്ടികജാതിയിലെയോ പട്ടികവർഗത്തിലെയോ ഒരംഗത്തിനെതിരായി വ്യാജമായതോ, ദുരുദ്ദേശപരമായതോ ശല്യപ്പെടുത്തുന്നതോ ആയ വ്യവഹാരമോ ക്രിമിനൽ നടപടികളോ മറ്റു നിയമനടപടികളോ ആരംഭിക്കുന്നത്

9. ഏതെങ്കിലും വ്യാജമായതോ നിസ്സാരമായതോ ആയ വിവരം ഏതെങ്കിലും പബ്ലിക് സർവന്റിന് നൽകുകയും അതുവഴി അങ്ങനെയുള്ള പബ്ലിക് സർവൻ്റിൻ്റെ നിയമാനുസൃതമായ അധികാരം പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തിന് ക്ഷതിയോ അലട്ടോ ഉണ്ടാക്കത്തക്കവിധം ഉപയോഗിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നത്.

10. പട്ടിക ജാതിയിലേയോ പട്ടികവർഗ്ഗത്തിലേയോ ഒരംഗത്തെ പൊതുജന ദൃഷ്ടിയിൽപ്പെടുന്ന ഏതെങ്കിലും സ്ഥലത്ത് വച്ച് അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഉദ്ദേശപൂർവ്വം അപമാനിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത്

11. പട്ടികജാതിയിലേയോ പട്ടികവർഗ്ഗത്തിലോപ്പെടുന്ന ഏതെങ്കിലും സ്ത്രീയെ അനാദരിക്കുകയോ മാനഭംഗപ്പെടുത്തുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തേക്കു കുടി അവളുടെ നേരെ കയ്യേറ്റം നടത്തുകയോ ബലം പ്രയോഗിക്കുകയോ ചെയ്യുന്നത്.

12. പട്ടികജാതിയിലേയോ പട്ടികവർഗ്ഗത്തിലോപെട്ട ഒരു സ്ത്രീയുടെ ഇച്ഛയെ സ്വാധീനപ്പെടുത്താവുന്ന ഒരു സ്ഥാനത്തായിരിക്കുകയും അങ്ങനെ അല്ലായിരുന്നുവെങ്കിൽ അവൾ സമ്മതിക്കില്ലായിരുന്ന - ലൈംഗിക ചൂഷണത്തിന് ആ സ്ഥാനം ഉപയോഗിക്കുകയും ചെയ്യുന്നത്.

13. പട്ടിക ജാതിയിലേയോ, പട്ടികവർഗ്ഗത്തിലേയോ അംഗങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഏതെങ്കിലും നീരുറവയിലേയോ ജലസംഭരണിയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും - സ്രോതസ്സിലേയോ ജലം, അത് സാധാരണയായി ഉപയോഗിക്കുന്ന ആവശ്യത്തിനുള്ള അനുയോജ്യത കുറയത്തക്കവിധം ദുഷിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുന്നത്.

14. പട്ടികജാതിയിലേയോ, പട്ടികവർഗ്ഗത്തിലേയോ ഒരംഗത്തിന് ഒരു പൊതുസങ്കേത സ്ഥലത്തേക്ക് കടക്കുവാൻ കീഴ് നടപ്പു പ്രകാരമുള്ള അവകാശം നിഷേധിക്കുകയോ അല്ലെങ്കിൽ അങ്ങനെയുള്ള അംഗത്തെ പൊതുജനങ്ങളിലെ മറ്റ് അംഗങ്ങൾക്കോ അതിൻ്റെ ഏതെങ്കിലും സ്വഭാവത്തിനോ ഉപയോഗിക്കുവാനോ പ്രവേശിക്കുവാനോ പൊതുസങ്കേത സ്ഥലം ഉപയോഗിക്കുന്നതിൽ നിന്നോ അവിടേക്ക് പ്രവേശിക്കുന്നതിൽ നിന്നോ അയാളെ തടയത്തക്ക വിധം ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നത്.

15. പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തെ തൻ്റെ വീടോ ഗ്രാമമോ അല്ലെങ്കിൽ മറ്റു വാസസ്ഥലമോ വിട്ടുപോകുന്നതിന് നിർബന്ധിക്കുകയോ ഇടയാക്കുകയോ ചെയ്യുന്നത്.

അതിക്രമങ്ങൾക്ക് വിധേയരാകുന്ന പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് ധനസഹായം അനുവദിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയിൽ ജില്ലാകളക്ടർക്ക് സമർപ്പിക്കേണ്ടതാണ്. നഷ്ട പരിഹാരത്തിനായി സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം നഷ്ടം തിട്ടപ്പെടുത്തിക്കൊണ്ടുള്ള തഹസീൽദാരുടെ സർട്ടിഫിക്കറ്റും പോലീസിന്റെ ക്രൈം റിപ്പോർട്ടും ഹാജരാക്കണം.

(b) ജ്വാല - ലീഗൽ സെൽ

പൗരാവകാശ സംരക്ഷണ നിയമം, അതിക്രമം തടയൽ നിയമം എന്നിവ മെച്ചപ്പെട്ട രീതി യിൽ നടപ്പിലാക്കുക, അതിക്രമത്തിനിരയാകുന്ന പട്ടികജാതിക്കാർക്ക് അടിയന്തിര നിയമസഹായം ലഭ്യമാക്കുക, കൂടാതെ ആശ്വാസ ധനസഹായം യഥാസമയം ലഭ്യമാക്കുക, ആവശ്യമായ മാന സിക പിന്തുണ നൽകുക, അതിക്രമവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾ സംഘടി പ്പിക്കുക, നിയമ അവബോധം നൽകുക എന്നീ ലക്ഷ്യങ്ങളോടെ പട്ടികജാതി വികസന വകുപ്പ് രൂപീകരിച്ച നിയമസഹായ സെല്ലാണ് ജ്വാല (Justice Welfare and Legal Assistance) തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി ഭവനിൽ കാൾ സെൻ്റർ പ്രവർത്തിക്കുന്നു. 0471-2994717, 2994718 എന്നീ രണ്ട് ലാന്റ്' ലൈൻ നമ്പറുകൾ മുഖേന കാൾ സെൻ്ററുമായി ബന്ധപ്പെടാവുന്നതാണ്. ഒരു ലീഗൽ അഡ്വൈസർ, മൂന്ന് ലീഗൽ സെൽ കാ-ഓർഡിനേറ്റർ എന്നിവരെ കാൾ സെൻ്റിന്റെ പ്രവർത്ത നങ്ങൾക്കായി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം ജില്ലകളിൽ ഓരോ ലീഗൽ കൗൺസിലർമാരും ജ്വാല യുടെ ഭാഗമായി സേവനം അനുഷ്ഠിക്കുന്നു.

കൂടാതെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിയമ ബിരുദധാരികൾക്ക് പ്രായോഗിക പരിശീലനം നൽകി മികച്ച അഭിഭാഷകരാക്കുക, വകുപ്പിൻ്റെ നിയമാധിഷ്ഠിത സേവന പ്രവർത്തനങ്ങളിലും പദ്ധതികളിലും ഭാഗഭാഗിത്വം വഹിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജില്ലാ കോടതികൾ, സ്പെഷ്യൽ കോടതികൾ, ഹൈക്കോടതി അഡ്വക്കേറ്റ് ജനറൽ / ഗവൺമെൻ്റ് പ്ലീഡർ ഓഫീസ്, DLSA, KELSA, KIRTADS എന്നിവിടങ്ങളിൽ 69 ലീഗൽ അസിസ്റ്റൻ്റുമാരെയും നിയമിച്ചിട്ടുണ്ട്. പട്ടിക വർഗക്കാരായ 25 അഭിഭാഷകരും 'ജാല'യുടെ ഭാഗമായി പ്രവർത്തിക്കുന്നു.

(c)  പൗരാവകാശ സംരക്ഷണ നിയമം(1995)

പട്ടികജാതിക്കാരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊട്ടുകൂടായ്മ അടക്കമുള്ള അനാചാരങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്തുന്നതിനും പൗരാവകാശ സംരക്ഷണ നിയമപ്രകാരം തുക ചെലവഴിക്കുന്നു. പട്ടികജാതിക്കാരെ സംബന്ധിച്ച് മാധ്യമ റിപ്പോർട്ടുകളിൽ മികച്ചവയ്ക്ക് അവാർഡ്, ഈ നിയമത്തിൻറെ ഭാഗമായി നൽകുന്നു. മിശ്രവിവാഹിതർക്ക് ധനസഹായം നല്കുന്ന പദ്ധതിയും ഈ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ ചെയ്തുവരുന്നു.

(d) വിവാഹ ധനസഹായം

പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് 75,000/- രൂപ വിവാഹ ധനസഹായമായി നൽകുന്നു. ജാതി, വരുമാന സർട്ടിഫിക്കറ്റ്, പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുള്ള സർ ട്ടിഫിക്കറ്റ്, വിവാഹക്ഷണക്കത്ത്, വിവാഹം നിശ്ചയിച്ചു എന്നതിനുള്ള സമുദായ സംഘടനയുടെ/ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ബ്ലോക്ക്/ മുനിസിപ്പൽ/കോർപ്പറേഷൻ/ പട്ടിക ജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. വരുമാന പരിധി 1,00,000 /-രൂപ.

(e) മിശ്ര വിവാഹ ധനസഹായം

 മിശ്ര വിവാഹിതരായ ദമ്പതിമാർക്ക് (ഒരാൾ പട്ടികജാതിയും പങ്കാളി പട്ടികഇതര സമുദായത്തിൽപെട്ടതുമായിരിക്കണം) വിവാഹത്തെത്തുടർന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി 75,000/- രൂപ വരെ ഗ്രാൻറായി നൽകുന്നു. വിവാഹശേഷം ഒരു വർഷം കഴിഞ്ഞ് മൂന്നു വർഷത്തിനകം അപേക്ഷിക്കണം. ഭാര്യാഭർത്താക്കന്മാരുടെ ജാതി സർട്ടിഫിക്കറ്റുകൾ,കുടുംബ വാർഷിക വരുമാനം, സഹവാസ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പൽ/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർ ക്ക് സമർപ്പിക്കണം. രണ്ടു പേരുടെയും കൂടി പ്രതിവർഷ വരുമാന പരിധി-1,00,000/- രൂപ.

(f)ചികിത്സാ ധനസഹായം

നിർദ്ധനരും ദീർഘകാലചികിത്സ ആവശ്യമുള്ളവരും മാരകമായ രോഗങ്ങൾ ബാധിച്ചവരും അത്യാഹിതങ്ങളിൽപ്പെട്ടവരുമായ 1,00,000/- രൂപയിൽ താഴെ വാർഷികവരുമാനമുള്ള പട്ടികജാതി വിഭാഗത്തിന് ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം 50,000/- രൂപ വരെ ചികിത്സാധനസഹായം അനുവദിക്കുന്നു. ഹ്യദയശസ്ത്രക്രിയ, ക്യാൻസർ,കിഡ്നി തകരാർ മുതലായ ഗുരുതരമായ രോഗങ്ങൾക്ക് പരമാവധി 1,00,000/-രൂപവരെ ആശുപത്രി മുഖാന്തിരം നൽകുന്നു. നിശ്ചിത ഫോറത്തിലുള്ള ജാതി, വരുമാനം, റേഷൻ കാർഡിൻ്റെ പകർപ്പ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്കിൻറെ പകർപ്പ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലൂടെ സൗജന്യമായി ഓൺലൈൻ ആയി(https://tgrantz.kerala.gov.in)അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന printout സഹിതം ടി അപേക്ഷ, ബന്ധപ്പെട്ട ബ്ലോക്ക് / മുൻസിപ്പൽ /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. 50000,/- രൂപയ്ക്ക് മുകളിൽ വരുന്ന തുക ആശുപത്രി അക്കൗണ്ടിൽ നൽകണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ രോഗി ഡിസ്ചാർജ് ആയ ശേഷം ധനസഹായം ലഭ്യമാകേണ്ട കേസുകളിൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന്റെ അക്കൗണ്ടിൽ തുക നൽകുന്നതാണ്.

(g) ഏക വരുമാനദായകൻ മരണപ്പെട്ട കുടുംബങ്ങൾക്കുള്ള ധനസഹായം

പട്ടികജാതി കുടുംബങ്ങളിലെ ഏകവരുമാനദായകനായ  വ്യക്തി മരണപ്പെട്ടാൽ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതി. സ.ഉ(കൈ)നം 85/18/പജവവിവ തീയതി22/11/2018 നം.ഉത്തരവ് പ്രകാരം 2,00,000/- രൂപ ധനസഹായമായി അനുവദിക്കുന്നു. അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ,മരണസർട്ടിഫിക്കറ്റ്, മരണപ്പെട്ട വ്യക്തി കുടുംബത്തിലെ ഏകവരുമാനദായകനായിരുന്നുവെന്ന തഹസിൽദാറുടെ സാക്ഷ്യപത്രം, റേഷൻ കാർഡിൻറെ പകർപ്പ്, ബാങ്ക് അക്കൗണ്ട് രേഖകൾ, മരണപ്പെട്ട വ്യക്തിയുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖ തുടങ്ങിയവ സഹിതം  അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകുക. മരണം നടന്ന് രണ്ട് വർ ഷത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

മരണപ്പെട്ടയാളുടെ (ഏകവരുമാദായകന്റെ) പ്രായം 21 നും 60 നും മധ്യേ ആയിരിക്കണം. ( പ്രായം തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കണം)

*അപേക്ഷകയ്ക്ക്/അപേക്ഷകന് 21 വയസ്സുവരെ പ്രായമുള്ള മക്കളുണ്ടെങ്കിൽ പരിഗണിക്കാവുന്നതാണ്.

21 വയസ്സിനു മുകളിൽ പ്രായമുള്ള മക്കൾ തൊഴിൽ ചെയ്യാനാകാത്ത സാഹചര്യങ്ങൾ ഉണ്ടെങ്കിൽ (ഭിന്ന ശേഷിക്കാർ, മറ്റ് രോഗാവസ്ഥ) മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ പരിഗണിക്കുന്നതാണ്.  

* മക്കൾ വിവിദ്യാർത്ഥികളാണെങ്കിലും പ്രായപരിധി കണക്കിലെടുക്കാതെ അപേക്ഷ പരിഗണിക്കുന്നതാണ്.

* മരണം സംഭവിച്ച ഉടൻ തന്നെയാണ് കുടുംബത്തിന് ധനസഹായം ആവശ്യമായി വരുന്നത് എന്നതിനാൽ ധനസഹായം ലഭിക്കുന്നതിന് മരണം സംഭവിച്ച് ഒരു വർഷത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. പ്രത്യേക സാഹചര്യമുണ്ടെങ്കിൽ ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, ഒരു വർഷം വരെയുള്ള കാലതാമസം സർക്കാർ തലത്തിൽ മാപ്പാക്കി ധനസഹായം അനുവദിക്കുന്നതാണ്.

രണ്ടു വർഷത്തിനു ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

* മരണപ്പെട്ട വ്യക്തി പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളാണെങ്കിൽ അപേക്ഷകൻ/അപേക്ഷക പട്ടിക വിഭാഗമല്ലെങ്കിലും ധനസഹായം അനുവദിക്കുന്നതാണ്.

* മരണപ്പെട്ട വ്യക്തിയുടെ ഭാര്യ/ഭർത്താവ് പുനർവിവാഹം ചെയ്യുന്ന സാഹചര്യത്തിലും വിവാഹിതരായ മക്കൾ ഉണ്ടെങ്കിലും ധനസഹായം അനുവദിക്കുന്നതല്ല.