SCDD
Swipe

പട്ടികജാതി വികസന വകുപ്പ് - ചരിത്രം

കേരള സംസ്ഥാനം നിലവിൽ വരുന്നതിന് വളരെ മുൻപ് തന്നെ പിന്നോക്ക ജനവിഭാഗങ്ങളനുഭവിച്ചിരുന്ന കഷ്ടതകൾ പരിഹരിക്കുതിനുളള ശ്രമങ്ങൾ തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ആരംഭിച്ചിരുന്നു.

തിരുവിതാംകൂറിൽ 1923-ന് മുൻപ് തന്നെ സഹകരണ രജിസ്ട്രാറുടെ കീഴിൽ പ്രൊട്ടക്ടർ ഓഫ് ദി ഡിപ്രസ്ഡ് ക്ലാസ്സസ് എന്ന പേരിൽ, പിൽകാലത് ട്രാവൻകൂർ യൂണിവേഴ്സിറ്റി നിയമം പ്രാബല്യത്തിൽ വന്നതോടെ യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസലറായി മാറിയ സ്പെഷ്യൽ യൂണിവേഴ്സിറ്റി ഓഫീസറുടെ നേത്രത്വത്തിൽ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായുളള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. 1941-ൽ പിന്നോക്ക വിഭാഗക്കാരും അധികൃതരും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രൊട്ടക്ടർ ഓഫ് ദ ബാക്ക്വേര്ഡ് കമ്മ്യൂണിറ്റീസ് എന്ന സ്ഥാനപ്പേരിൽ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും പ്രവർത്തനങ്ങൾ സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്തു. 2 വനിതാ ഓഫീസർമാരും 7 ഫീൽഡ് ഓഫീസർമാരും മടങ്ങിയ ഒരു സമിതി പ്രവർത്തനങ്ങൾ നടപ്പിലാക്കുതിനായി രൂപീകരിക്കുകയും, ഈ വകുപ്പ് കോളനികളിൽ സ്ഥാപിക്കുക, കിണറുകൾ നിർമിക്കുക അപ്രോച്ച് റോഡുകളുണ്ടാക്കുക, പൊതുകെട്ടിടങ്ങളും ശ്മശാനങ്ങളും ഉണ്ടാക്കുക, വിദ്യാഭ്യാസവസരങ്ങൾ സൃഷ്ടിക്കുക, വിദ്യാസമ്പന്നർക്ക് തൊഴിൽ ലഭ്യമാക്കുക എന്നീ കർത്തവ്യങ്ങൾ നിർവഹിച്ചിരുന്നു.

കൊച്ചിയിൽ 1926-ൽ തന്നെ എക്സ് ഒഫിഷ്യോ പ്രൊട്ടക്ടർ ആയിരുന്ന പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കീഴിൽ പ്രൊട്ടക്ടർ എന്ന പേരിൽ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുകയും പിന്നോക്ക വിഭാഗ ജനതയുടെ ക്ഷേമങ്ങള്ക്കായിയുളള പ്രവർത്തനങ്ങളാരംഭിക്കുകയയും ചെയ്തിരുന്നു. ഇതിനെ സഹായിക്കാനായി ഒരു ലേബർ ഓഫീസറും ഉണ്ടായിരുന്നു. ഈ സമിതിയുടെ കടമകൾ തിരുവിതാംകൂറിലെ പ്രവർത്തനങ്ങൾക്ക് സമാനമായിരുന്നു.

1949-ൽ തിരു-കൊച്ചി സംയോജനത്തെ തുടർന്ന് തിരുവനന്തപുരം ആസ്ഥാനമായി ' പ്രൊട്ടക്ടർ' ഓഫ് ദ ബാക്ക്വേര്ഡ് കമ്മ്യൂണിറ്റീസ്' എന്ന പേരിലുളള ഒരു ഉദ്യോഗസ്ഥനെ നിയമിച്ച് ഇരു രാജ്യത്തേയും പ്രവർത്തനങ്ങൾ സംയോജിപ്പിച്ചു. 1950-ൽ ഈ തസ്തിക 'കമ്മീഷണർ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് ബാക്ക് വേര്ഡ് കമ്മ്യൂണിറ്റീസ്'' എന്നാക്കി മാറ്റി.

മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാറിൽ തൊഴിൽ വകുപ്പ് കമ്മീഷണർക്കായിരുന്നു അധകൃത ജനവിഭാഗങ്ങളുടെ ക്ഷേമ കാര്യങ്ങളുടെ ഉത്തരവാദിത്വം. 1934-ൽ ഇത് മലബാർ കളക്ടറിൽ നിക്ഷിപ്തമാക്കുകയും കമ്മീഷണറെ ഏകോപന പ്രവർത്തനങ്ങളുടെ ചുമതല ഏല്പിക്കുകയും ചെയ്തു. ഭവന നിർമ്മാണം,ശുദ്ധജലവിതരണം, ശുചിത്വ സൗകര്യങ്ങളേർപ്പെടുതുക, ഭൂമി കണ്ടെത്തി നല്കുക, വിദ്യാഭ്യാസവസരങ്ങൾ സൃഷ്ടിക്കുക, പിന്നോക്ക വിഭാഗ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളെ സഹായിക്കുക, തുടങ്ങിയവയായിരുന്നു കമ്മീഷണറുടെ ചുമതലകൾ ..

1950-ൽ ഹരിജനക്ഷേമ ഡയറക്ടർ എന്ന തസ്തിക രൂപീകരിക്കുകയും പിന്നോക്ക ജനവിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഡയറക്ടറിൽ നിക്ഷിപ്തമാക്കുകയും ചെയ്തു.

1956-ൽ കേരള സംസ്ഥാന രൂപീകരണത്തോടെ സംസ്ഥാന ഹരിജന ക്ഷേമ വകുപ്പ് നിലവിൽ വരുകയും ശ്രീ. സി.സി. കുഞ്ഞനെ ഹരിജനക്ഷേമ വകുപ്പിൻ്റെ പ്രഥമ ഡയറക്റ്ററായി നിയമിക്കുകയും ചെയ്തു.

പഞ്ചവത്സര പദ്ധതിയുടെ ആവിർഭാവത്തോടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആക്കം കൂടുകയും ദിശാബോധം കൈവരികയും ചെയ്തു. 2- പദ്ധതിയോടെ ധാരാളം പദ്ദതികൾ നിലവിൽ വരികയും കൂടുതൽ ഫണ്ടുകൾ വകയിരുത്തിക്കൊണ്ട് വകുപ്പിന്റെ പ്രവർത്തനങ്ങൾ വിപുലമാവുകയും ചെയ്തു. 1958-ൽ എല്ലാ ജില്ലകളിലും താലൂക്കുകളിലും ജില്ലാ വെൽഫെയർ ഓഫീസർമാരെയും താലൂക്ക് വെൽഫെയർ ഓഫീസർമാരെയും നിയമിച്ചു. ജില്ലാ തലത്തിൽ പബ്ലിസിറ്റി ഓഫീസർമാരും താലൂക്കുകളിൽ ഹരിജൻ സേവകന്മാരെയും നിയമിച്ചുകൊണ്ട് വകുപ്പിന്റെ പ്രവർത്തനങ്ങൾ വ്യാപകമാക്കി.

വിദ്യാഭ്യാസാവസരങ്ങളും വിദ്യാഭ്യാസാനുകൂല്യങ്ങളും ഏർപ്പെടുത്തുകയും പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ ആരംഭിക്കുകയും ചെയ്തു. ഇതോടെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഹോസ്റ്റലുകളിൽ താമസിച്ച് വിദ്യാഭ്യാസം നേടുതിന് അവസരം ലഭിച്ചു. വെൽഫെയർ സ്കൂളുകളും ട്രൈബൽ സ്കുളുകളും സ്ഥാപിക്കുകയും പ്രതിമാസ സ്റ്റൈപെൻഡും ലംപ്സം ഗ്രാന്റും എല്ലാ പോസ്റ്റ് മെട്രിക് കോഴ്സുകൾക്കും അനുവദിക്കുകയും ചെയ്തു. മാതൃകാ തൊഴിൽ പരിശീലന കേന്ദ്രങ്ങളും ഐ.റ്റി.സികളും, ബാലവാടികളും ആരംഭിച്ചു.

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാനത്തോടെ എല്ലാവർക്കും വിദ്യാഭ്യാസം, ഭവന രഹിതര്ക്ക് ഭവനം, ആരോഗ്യം, ശുചിത്വം, തൊഴിൽ പരിശീലനം, പരമ്പരാഗത തൊഴിൽ  വികസനം, സഹകരണം തുടങ്ങി സകല മേഖലകളിലും പിന്നോക്ക അധികൃത വിഭാങ്ങൾക്ക് ക്ഷേമം കൈവരുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്ന പ്രധാന വകുപ്പായി ഹരിജന് വെൽഫെയർ വകുപ്പ് മാറുകയും ചെയ്തു.

1965-ൽ വകുപ്പിന് കീഴിലെ സഹകരണ സ്ഥാപനങ്ങളിൽ സഹകരണ വകുപ്പിനും വെൽഫയർ സ്കൂളുകൾക്കും വിദ്യാഭ്യാസ വകുപ്പിനും കൈമാറി. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോട്ട് നിൽക്കുന്നവർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി 1966 ൽ ആരംഭിച്ചു. വ്യവസായ വ്യാപാര കച്ചവട മേഖലകളിൽ സ്വയം തൊഴിലുളള വായ്പാ പദ്ധതി 1968 ൽ തുടങ്ങി. പട്ടികജാതി വർഗ്ഗ മേഖലയിലെ നരവംശ ശാസ്ത്ര പഠന ഗവേഷണത്തിനായുളള കിർത്താഡ്സ് എന്ന സ്ഥാപനം 1970-ൽ നിലവിൽ വന്നു.

പട്ടികജാതി/പട്ടികവർഗ/പിന്നോക്ക ക്ഷേമ പ്രവർത്തനങ്ങൾ നാളിതുവരെ നടത്തിയിരുന്നത് ഹരിജനക്ഷേമ വകുപ്പായിരുന്നു. എന്നാൽ ഈ ജനവിഭാഗങ്ങളുടെ വിവിധങ്ങളായ ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിൻ്റെ ഭാഗമായി വകുപ്പിനെ രണ്ടായി വിഭജിച്ച് ഹരിജനക്ഷേമ വകുപ്പും ഗിരിജനക്ഷേമ വകുപ്പും 1975 നിലവിൽ വന്നു . (ജി. ഒ.(പി) 69/75/ഡി.ഡി. തീയതി. 26/06/1975)

ഹരിജന ക്ഷേമ വകുപ്പ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന തലത്തിൽ  ഒരു വിജിലൻസ് ഓഫീസർ , ഉത്തര-മധ്യ മേഖലകൾ ഓരോ അസിസ്റ്റൻ്റ് ഡയറക്ടർമാർ എന്നീ തസ്&zwnjതികകളും കൂടി സൃഷ്ടിച്ചു. കേന്ദ്ര ഫണ്ട് ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും, വിവിധ വകുപ്പുകളുടെ ഹരിജന ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, മോണിറ്റർ ചെയ്യുന്നതിനും 1982 ൽ ഒരു ചീഫ പ്ലാനിംഗ് ഓഫീസറെയും റിസർച്ച്  ഓഫീസറെയും സംസ്ഥാന ഡയറക്&zwnjടറേറ്റ് തലത്തിലും ഒരു റിസർച്ച് അസിസ്റ്റൻ്റിനെ ജില്ലാ തലത്തിലും നിയമിച്ചു. പട്ടികവിഭാഗക്കാർക്കെതിരെയുളള അതിക്രമങ്ങൾ തടയുന്നതിനായി ഉത്തരമേഖലയിൽ ഒരു പ്രത്യേക മൊബൈൽ സ്ക്വാഡിനെ നിയമിച്ച് ഉത്തരവായി. വിദ്യാഭ്യാസ ആനുകൂല്യ വിതരണം ജില്ലാ തലത്തിലാക്കി.

വകുപ്പിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിന് കാര്യക്ഷമവും സുതാര്യവുമായ പ്രവർത്തനങ്ങൾ നടത്തണമെന്ന പഠന നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവ് 19/83/ഓണ തീയതി. 28/07/1983 വകുപ്പ് പ്രകാരം പുന:സംഘടിപ്പിച്ചു..

ഇതനുസരിച്ച് 15,000 ലധികം പട്ടികജാതി ജനസംഖ്യയുളള 65 വികസന ബ്ലോക്കുകളിൽ ബ്ലോക്ക് എക്സറ്റൻഷൻ ഓഫീസർ തസ്തിക സൃഷ്ടിക്കുകയും ഇതിൽ 50% തസ്തിക  ബിരുദാനന്തര ബിരുദമുളളവരിൽ നിന്നും മത്സരപരീക്ഷയും ഇൻ്റർവ്യൂ നടത്താനും ബാക്കി 50% തസ്തികയിലെ വകുപ്പിലെ ജീവനക്കാരിൽ നിന്ന് പ്രൊമോഷൻ വഴി നിയമിക്കാനും തീരുമാനിക്കുകയും 32 ബിരുദാനന്തര ബിരുദധാരികളെ ബ്ലോക്ക് എക്സ്റ്റൻഷൻ ഓഫീസർമാരായി നിയമിക്കുകയും ചെയ്തു.

ഈ ഉത്തരവ് പ്രകാരം 40000 ൽ അധികം പട്ടികജാതി ജനസംഖ്യയുളള താലൂക്കുകളിൽ താലൂക്ക് പട്ടികജാതി വികസന ഓഫീസർമാരെ ഗസറ്റഡ് ഓഫീസർമാരാക്കുകയും 32 എൽ.ഡി. ക്ലർക്ക് സ്ഥാനം സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ രണ്ട് അനുബന്ധ ഡയറക്ടർമാരെ നിയമിക്കുന്ന വകുപ്പിൽ നിലവിലുളള അസിസ്റ്റൻ്റ് ഡയറക്ടറും ജോയിൻ്റ് ഡയറക്ടർ പദവിയിലേക്ക് ഉയർന്ന ഫിനാൻഷ്യൽ അസിസ്റ്റൻ്റ്, അഡ്മിനിസസ്ട്രേറ്റീവ് അസിസ്റ്റൻ്റ് എന്നിവയും യഥാക്രമം ഫീസ് ഓഫീസർ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയായി ഉയർന്നു. പുതുതായി രൂപം കൊണ്ട പത്തനംതിട്ട കാസർഗോഡ് ജില്ലകളിൽ ജില്ലാ ഓഫീസർ മാരെ നിയമിച്ചു.

1985 ൽ സർക്കാർ ഉത്തരവ് 64/65/ടഇ/ടഠ/ഉഉ ററേ, 15/11/1985 പ്രകാരം വകുപ്പിൻ്റെ ഹരിജൻ വെൽഫയർ ഡിപ്പാർട്ട്മെൻ്റ് എന്ന പേര് പട്ടികജാതി വികസന വകുപ്പ് എന്നാക്കി മാറ്റം വരുത്തി..

1987ൽ ജോയിൻ്റ് ഡയറക്റ്റർ (ടെക്നിക്കൽ) എന്ന തസ്തിക സൃഷ്ടിക്കുകയും വകുപ്പിൻ്റെ കീഴിലെ പരിശീലന സ്ഥാപനങ്ങൾ പുന:സംഘടിപ്പിക്കുകയും ചെയ്തു. ചീഫ് ഇൻഡസ്ട്രിയൽ സൂപ്പർവൈസർ എന്ന തസ്തികയിലുള്ള ട്രെയിനിംഗ് ഓഫീസർ എന്നും ട്രെയിനിംഗ് സൂപ്പർവൈസർ എന്നും ട്രെയിനിംഗ് ഇൻസ്പെക്ടർ എന്നും ഷോറൂം മാനേജർ എന്നും ട്രെയിനിംഗ് സൂപ്പർവൈസർ എന്ന് മാറ്റുകയും ചെയ്തു.

നിലവിൽ വകുപ്പിൻ്റെ നേതൃത്വം നൽകുന്നത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലെ ഒരു ഐ.എ.എസ്. ഓഫീസറായ വകുപ്പ് ഡയറക്ടർ ആണ്. അദ്ദേഹത്തിന് കീഴിൽ ഒരു അഡിഷണൽ ഡയറക്ടർ, 3 ജോയ്ൻ്റ് ഡയറക്ടർമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ ചീഫ് പ്ലാനിംഗ് ഓഫീസർ,രണ്ട് മേഖലാ ഡെപ്യൂട്ടി ഡയറക്ടർമാർ,പ്രിൻസിപ്പൾമാർ,ട്രെയിനിംഗ് ഓഫീസർ,14 ജില്ലാ ഓഫീസർമാർ,14 അസിസ്റ്റന്റ് ജില്ലാ ഓഫീസർമാർ ,ചീഫ് പബ്ലിസിറ്റി ഓഫീസർ,രണ്ട് മേഖലാ ട്രെയിനിംഗ് ഓഫീസർമാർ,169 ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർമാർ, സൂപ്രണ്ടുമാർ, ഹെഡ്മാസ്റ്റർമാർ,ഇൻസ്ട്രക്ടർമാർ, ഹോസ്റ്റൽ വാർഡന്മാർ,നഴ്സറി സ്കൂൾ ടീച്ചർമാർ, പ്രൊമോട്ടർസ് എന്നിവർ പ്രവർത്തിക്കുന്നു.